സ്കൂൾ വിദ്യാഭ്യാസം, ലോകബാങ്കിന്റെ സ്റ്റാർസ് പദ്ധതിയിലൂടെ കേരളത്തിന് 500 കോടി സഹായം.

കളമശ്ശേരി : സ്കൂൾ വിദ്യാഭ്യാസത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കേരളം. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്‌സ് ഫോർ സ്റ്റേറ്റ്‌സ്) പദ്ധതിയിൽ സംസ്ഥാനത്തെയും ഉൾപ്പെടുത്തി. ആറുവർഷത്തിനിടെ 500 കോടി രൂപ സാമ്പത്തിക സഹായം ഇതുവഴി കേരളത്തിന് കിട്ടും.

സ്കൂൾ വിദ്യാഭ്യാസത്തെ എല്ലാത്തലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിൽ കേരളത്തിനുപുറമേ ഹിമാചൽപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളാണുള്ളത്.

സ്കൂൾ വിദ്യഭ്യാസരംഗത്ത് രാജ്യത്ത് ഒന്നാമതെന്ന നിലയിലാണ് കേരളത്തെ ഉൾപ്പെടുത്തിയത്. ഹിമാചൽ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസരംഗത്തെ മികവ് തുണയായി. മറ്റ് മൂന്ന് സംസ്ഥാനങ്ങളെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് ഉൾപ്പെടുത്തിയത്.

മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സ്കൂൾവിദ്യാഭ്യാസ സർവേയിൽ അക്കാദമിക-അടിസ്ഥാനസൗകര്യ-ഭരണസംവിധാന ഗുണനിലവാര സൂചികയിൽ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം. ആയിരത്തിൽ 826 പോയന്റ് നേടിയ മികവ് പദ്ധതിയിൽ ഉൾപ്പെടാൻ കേരളത്തെ സഹായിച്ചു. പട്ടിക ലോകബാങ്കും അംഗീകരിച്ചു.