ഖുശ്​ബു സുന്ദറിന്​ തൗസന്‍റ്​ ലൈറ്റ്​ മണ്ഡലത്തില്‍ ദയനീയ പരാജയം

ചെന്നൈ : തമിഴക രാഷ്​ട്രീയത്തില്‍ താമര വിരിയിക്കാന്‍ കോണ്‍ഗ്രസില്‍നിന്ന്​ മറുകണ്ടം ചാടിയ നടി ഖുശ്​ബു സുന്ദറിന്​ തൗസന്‍റ്​ ലൈറ്റ്​ മണ്ഡലത്തില്‍ ദയനീയ പരാജയം. കാടിളക്കി ആളെക്കൂട്ടിയ താരം ഡി.എം.കെയുടെ കോട്ടയെ ഇളക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, കരുണാനിധിയുടെ ഡോക്​ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോട്​ 3375 വോട്ടുകള്‍ക്ക്​ പിന്നിലാണ്​. 58ശതമാനം വോട്ടും ഏഴിലന്‍ പെട്ടിയിലാക്കിയതിനാല്‍ അട്ടിമറി പ്രതീക്ഷകളില്ലാത്ത മണ്ഡലത്തില്‍ താമര വിരിയിക്കാമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്ക്​ പിഴച്ചു.

തെ​രെഞ്ഞെടുപ്പിന്​ മുമ്പു ​ തൗസന്‍റ്​ ലൈറ്റിലെ സിറ്റിങ്​ എം.എല്‍.എ സെല്‍വം ഡി.എം.കെ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ദേശീയ ​ശ്രദ്ധ നേടിയ മണ്ഡലമാണിത്​. 1989 മുതല്‍ 2006 വരെ സ്​റ്റാലിന്‍ മത്സരിച്ച മണ്ഡലവും​. സ്​റ്റാലിന്‍ പിന്നീട്​ കൊളത്തൂരിലേക്ക്​ മാറി.

​എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ 20 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി മൂന്ന്​ സീറ്റുകളിലാണ്​ നിലവില്‍ ലീഡ്​ ചെയ്യുന്നത്​.