കൊച്ചിയിലെ PNB VESPER എന്ന കമ്പനിക്ക് കോവിഡ് വാക്സിൻ പരീക്ഷണാനുമതി

കൊച്ചി : കൊറോണ വൈറസിനെതിരായ വാക്സിന്‍ രോഗികളില്‍ പരീക്ഷിക്കാന്‍ കൊച്ചി ആസ്ഥാനമായ പി.എന്‍.ബി. വെസ്പര്‍ എന്ന കമ്പനിക്ക് രണ്ടാം ഘട്ട അനുമതി ലഭിച്ചു. പി.എന്‍.ബി-001 (ജി.പി.പി. ബലഡോള്‍) എന്ന പേരിട്ടിരിക്കുന്ന രസമൂലകമാണ് കോവിഡ് രോഗികളില്‍ പരീക്ഷിക്കുക.

നിര്‍ണായകമായ മൂന്ന് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് മരുന്നിന് നിര്‍മ്മാണ അനുമതി ലഭിക്കുകയുള്ളു. ആദ്യ പരീക്ഷണത്തില്‍ മരുന്ന് ബ്രിട്ടനില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഡെക്‌സാമെത്താസോണിനെക്കാള്‍ ഭേദപ്പെട്ട പ്രതികരണം നല്കുന്നതായാണ് വിവരം.

അമേരിക്ക, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കമ്പനിയുടെ ഗവേഷണം. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതിപ്രകാരം പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കമ്പനി എം.ഡി. പി.എന്‍. ബലറാം മാധ്യമങ്ങളോട് പറഞ്ഞു.