മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി

റെഡ്മൺഡ് , വാഷിംഗ്‌ടൺ : മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോണ്‍ ജോര്‍ജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം.

കോട്ടയം ചിറപ്പുറത്ത് പരേതരായ സി.ജോര്‍ജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ്. തൃശൂര്‍ സ്വദേശിയായ ജോസഫ് സിറോഷും നേരത്തെ മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.

ചെന്നൈ ഡോണ്‍ ബോസ്കോയിലും കൊച്ചി ഡെല്‍റ്റ സ്കൂളിലുമായാണ്‌ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട്, ബെംഗളൂരു ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ജോണ്‍ ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡില്‍ നിന്ന് മാസ്റ്റര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്ന് എംബിഎ പഠനവും പൂര്‍ത്തിയാക്കി.

ഇന്റല്‍ ഏറ്റെടുത്ത സര്‍വേഗ എന്ന കമ്പനിയുടെ സ്ഥാപകനായാണ് ജോണ്‍ യുഎസില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2000ല്‍ തുടങ്ങിയ ഈ കമ്ബനി 2005ല്‍ ഇന്റല്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തോളം മൈക്രോസോഫ്റ്റില്‍ ഡേറ്റ പ്ലാറ്റ്‌ഫോം പ്രോഡക്‌ട് പ്ലാനിങ് സീനിയര്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ചു.

തുടര്‍ന്ന് എച്ച്‌പിയില്‍ വൈസ് പ്രസിഡന്റായി. വീണ്ടും 2017ല്‍ മൈക്രോസോഫ്റ്റില്‍ തിരികെയെത്തിയത് ജനറല്‍ മാനേജര്‍ തസ്തികയില്‍.

യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണ് ഭാര്യ. വര്‍ഷങ്ങളായി അമേരിക്കയിലെ സിയാറ്റിലിലാണ് താമസം. മക്കള്‍: ജോര്‍ജ്, സാറ