തൃപ്പൂണിത്തുറയിൽ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി കെഎസ് രാധാകൃഷ്ണന്‍

കൊച്ചി:തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി തൃപ്പൂണിത്തുറയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണന്‍. സംസ്ഥാന വൈസ് പ്രസിഡന്റും അറിയപ്പെടുന്ന സുരേന്ദ്രന്‍പക്ഷ നേതാവുമാണ് കെ.എസ്.രാധാകൃഷ്ണന്‍.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് വോട്ട് മറിച്ചുനല്‍കാന്‍ ചില ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ മൂന്ന് മാസം മുമ്പു തന്നെ ഡീല്‍ ഉണ്ടാക്കിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇല്ലായിരുന്നെങ്കില്‍ തൃപ്പൂണിത്തുറയില്‍ താന്‍ വിജയിക്കുമായിരുന്നു. ഇപ്പോള്‍ കിട്ടിയ വോട്ട് താന്‍ നടന്ന് നേടിയതാണ്. 35000 വോട്ടെങ്കിലും ഇവരുടെ ശ്രമഫലമായി നഷ്ടമായി. തൃപ്പൂണിത്തുറയില്‍ ബാബു മത്സരിക്കാന്‍ തീരുമാനിച്ച ഉടനെയായിരുന്നു ഡീല്‍. ഇതിന്റെ ബലത്തിലാണ് ബാബു ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് പരസ്യമായി പറഞ്ഞത്.

പാലായില്‍ മാണി. സി. കാപ്പനും കുണ്ടറയില്‍ വിഷ്ണുനാഥിനും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്‌ക്കുമൊക്കെ വോട്ടുകള്‍ മറിച്ചുനല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

‘ബി.ജെ.പിക്ക് വോട്ട് ചെയ്ത് സി.പി.എമ്മിനെ വിജയിപ്പിക്കരുതെന്ന്’ തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചത് കര്‍മസമിതിയുടെ ആളുകള്‍ തന്നെയാണ്. താന്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തതോടെ അവര്‍ പെട്ടിരിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.