സിബിഐ ഓഫിസർ ചമഞ്ഞു തട്ടിപ്പ്; ലീന മരിയ പോളിനെതിരെ സിബിഐ

കൊച്ചി: വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ഒളിവില്‍. സി.ബി.ഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നടി ലീന മരിയ പോളിനെ പ്രതിയാക്കി സി.ബി.ഐ കേസെടുത്തിരിക്കുന്നത്

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോള്‍ ഒളിവിലാണെന്ന് സി.ബി.ഐ പറയുന്നു. തുടര്‍ന്ന് ലീനയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സി..ബി..ഐ ഉദ്യോഗസ്ഥ എന്ന വ്യാജേന സമീപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

സി..ബി..ഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സി..ബി..ഐ ഉദ്യോഗസ്ഥ എന്ന പേരില്‍ സമീപിച്ച്‌ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സി.ബി.ഐയുടെ ഡല്‍ഹിയിലെ ഓഫീസ് നമ്പർ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ദുരുപയോഗം ചെയ്തതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.