കുടുംബത്തെ ഉന്മൂലനം ചെയ്യാൻ മിഥുൻ ശ്രമിച്ചു : ദേവികയുടെ അമ്മ

കളമശ്ശേരി : കഴിഞ്ഞ അർദ്ധരാത്രിയിൽ തന്റെ മകളെ പെട്രോളൊഴിച്ചുകൊന്ന മിഥുൻ കുടുംബത്തെ മുഴുവനായും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചുവെന്ന് ദേവികയുടെ അമ്മ മോളി.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മോളിയും ഭർത്താവ് ഷാലനും.

ദേവികയുടെയും മിഥുൻറെയും മൃതദേഹങ്ങൾ എറണാകുളം ജില്ലാആശുപത്രി മോർച്ചറിയിലും.

മകളെ തീകൊളുത്തിയ ശേഷം തന്റേയും ഭർത്താവിന്റെയും ദേഹത്തും മിഥുൻ പെട്രോളൊഴിച്ചു.ഭർത്താവിന് തീയിൽ പൊള്ളലേറ്റു. ഓടി മാറിയതുകൊണ്ടാണ് താൻ രക്ഷപെട്ടതെന്നും മോളി.

കാക്കനാട് അത്താണി സഫലി ജുമാ മസ്ജിദിന് സമീപം കാളങ്ങാട്ട് പത്മാലയത്തിൽ ഷാലന്റെ മകളാണ് കൊല്ലപ്പെട്ട 17 വയസുകാരി ദേവിക. എറണാകുളം കാക്കനാട് കളക്ടറേറ്റിലെ ജീവനക്കാരനാണ് ഷാലൻ. ദേവികയും അമ്മയായ മോളിയുടെ അകന്ന ബന്ധുവായ 27 വയസുള്ള മിഥുനും നല്ല സുഹൃത്തുക്കളായിരുന്നു.പക്ഷേ ഏതാനും മാസങ്ങളായി മിഥുൻ ദേവികയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെയാണ് സുഹൃത് ബന്ധത്തിൽ വിള്ളൽ വീണതെന്ന് മോളി പറയുന്നു.

മിഥുന്റെ ശല്യം സഹിക്കാനാകില്ല എന്ന് ദേവിക പറഞ്ഞതിനാൽ കാക്കനാട് പോലീസിൽ മാതാപിതാക്കൾ പരാതി നൽകുകയും തുടർന്ന് പോലീസ് ഇടപെട്ട് അനുരഞ്ജന ചർച്ച നടത്തി മിഥുനെ പ്രണയത്തിൽ നിന്നും താത്കാലികമായി പിന്തിരിപ്പിക്കുകയും സംഭവം ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു.

പോലീസ് പരാതിക്ക് ശേഷവും മിഥുൻ ട്യൂഷൻ സെന്ററിലെത്തി ദേവികയെ ഭീഷണിപ്പെടുത്തിയെന്നും അതേത്തുടർന്ന് ദേവിക വളരെയധികം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു.

പോലീസിൽ പരാതി കൊടുത്തതാകാം മിഥുനെ ഇത്ര ക്രൂരനാക്കിയതെന്നും താൻ തലനാരിഴക്കാണ് രക്ഷപെട്ടതെന്നും മോളി പറഞ്ഞു.

എന്നാൽ ദേവികയും മിഥുനും പ്രണയത്തിലായിരുന്നതായി സംശയമുണ്ടെന്ന് സഹപാഠികൾ.വീട്ടിൽ വിവരമറിഞ്ഞതാകാം ദേവിക ബന്ധത്തിൽ നിന്നും പിന്മാറിയതെന്നും ദേവികയുടെ സഹപാഠികൾ സംശയം പ്രകടിപ്പിക്കുന്നു. പെയിന്റിങ് തൊഴിലാളിയാണ് കൊല നടത്തിയശേഷം ആത്മഹത്യചെയ്ത മിഥുൻ