ചൊവ്വയിലെ ജീവന്റെ സാന്നിധ്യം പഠിക്കാൻ നാസയുടെ “പെര്‍സെവറന്‍സ് റോവര്‍”

വാഷിങ്ങ്ടൺ : ഭൂമിക്ക് പുറത്ത് ജീവന്‍റെ സാധ്യതകളെ തിരഞ്ഞുള്ള ദൗത്യത്തില്‍ വലിയ കാല്‍വെപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. നാസയുടെ പുതിയ ബഹിരാകാശ വാഹനമായ പെര്‍സെവറന്‍സ് റോവര്‍ ചുവന്ന ഗ്രഹത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ്. ചൊവ്വയിലിറങ്ങുന്ന പെര്‍സെവറന്‍സ് പാറക്കഷണങ്ങള്‍ ഗവേഷണങ്ങള്‍ക്കായി ഭൂമിയിലെത്തിക്കുകയും ചെയ്യും.

ജൂലൈ 30നാണ് ഫ്ളോറിഡയിലെ കേപ്പ് കനാവറല്‍ സ്പേസ് സെന്‍ററില്‍ നിന്ന് അലയന്‍സ് അറ്റ്ലസ് വി റോക്കറ്റില്‍ റോവര്‍ വിക്ഷേപിച്ചത്. നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം 2021 ഫെബ്രുവരി 18ന് റോവര്‍ ചൊവ്വയിലെത്തും.

ജൂലൈ മാസത്തില്‍ ചൊവ്വാപര്യവേക്ഷണത്തിനായുള്ള മൂന്നാമത്തെ വിക്ഷേപണമാണ് പെര്‍സെവറന്‍സിന്‍റേത്. യു.എ.ഇയുടെ ഹോപ് ദൗത്യം, ചൈനയുടെ ടിയാന്‍വെന്‍1 എന്നിവയാണ് മറ്റ് ദൗത്യങ്ങള്‍.

ചൊവ്വാ ഉപരിതലത്തിലെ പാറകളെ കുറിച്ച്‌ പഠിച്ച്‌ ജീവന്‍റെ സൂചനയെ കുറിച്ചും സാധ്യതയെ കുറിച്ചും വിവരം നല്‍കുകയാണ് പെര്‍സെവറന്‍സിന്‍റെ നിയോഗം. ആദ്യമായി ചൊവ്വയില്‍നിന്നുള്ള പാറക്കഷണങ്ങള്‍ റോവര്‍ തിരികെ ഭൂമിയിലെത്തിക്കും. വരും ദശാബ്ദങ്ങള്‍ക്കായി ഗവേഷണശാലകളില്‍ ഇവയെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.

ഭൂമിക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കാന്‍ ഏറ്റവും അനുയോജ്യ സാഹചര്യമുള്ളത് ചൊവ്വയിലാണെന്നാണ് ബഹിരാകാശ ഗവേഷകരുടെ അനുമാനം.

ചൊവ്വയുടെ പുരാതനമായ വറ്റിവരണ്ട നദീതടമായ ജസീറോ എന്ന തടത്തിലാണ് പെര്‍സെവറന്‍സ് റോവര്‍ ഇറങ്ങുക. അവിടെയുള്ള പുരാതന ശിലാഖണ്ഡത്തെ ശേഖരിച്ച്‌ ഭൂമിയിലേക്ക് അയക്കും. നാസയുടെ ഇതിന് മുമ്ബത്തെ നാല് ചൊവ്വാ ദൗത്യങ്ങളായ, 1997ലെ സോജോണര്‍, 2004ലെ സ്പിരിറ്റ്, 2012ലെ ക്യൂരിയോസിറ്റി, പാത്ത് ഫൈന്‍ഡര്‍ എന്നിവയെല്ലാം തന്നെ പര്യവേഷണ വാഹനങ്ങളായിരുന്നു. ഈ നാല് ദൗത്യങ്ങളും ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിച്ച്‌ പരിശോധനകള്‍ നടത്തുകയായിരുന്നു. എന്നാല്‍ പെര്‍സവറന്‍സ് വളരെ വിശാലമായി ചൊവ്വയുടെ ഭൂമിശാസ്ത്രപരമായ ചരിത്രം മനസിലാക്കി ആവശ്യമുള്ള ശിലാഖണ്ഡങ്ങള്‍ തെരഞ്ഞെടുത്ത് ഭൂമിയിലേക്ക് അയക്കും.

2012ല്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്ത നാസയുടെ ക്യൂരിയോസിറ്റി ഇതിനോടകം 23 കിലോമീറ്റര്‍ ചൊവ്വയില്‍ സഞ്ചരിച്ച്‌ കഴിഞ്ഞു. ക്യൂരിയോസിറ്റിയുടെ കൂടുതല്‍ മെച്ചപ്പെട്ട വേര്‍ഷനാണ് റോവര്‍ പെര്‍സെവറന്‍സ്. ഇന്‍ജെനിറ്റി എന്ന് പേരിട്ടിരിക്കുന്ന ചെറിയ ഹെലികോപ്ടറിനെ റോവര്‍ വഹിക്കുന്നുണ്ട്. ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തില്‍ പറക്കുന്ന ആദ്യ ഹെലികോപ്ടറാവും ഇത്.

ആറ് വീലുള്ള പെര്‍സെവറന്‍സിന് ക്യൂരിയോസിറ്റിയേക്കാള്‍ വേഗതയുണ്ട്. ദിവസവും 200 മീറ്റര്‍ നാവിഗേഷന് സാധിക്കും. 19 ക്യാമറകളും രണ്ട് മൈക്രോഫോണുകളുമുണ്ട്. ചൊവ്വയിലെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന ആദ്യ വാഹനമായിരിക്കും ഇത്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന ഉപകരണം, ലേസര്‍ ഉപയോഗിച്ച്‌ പാറക്കെട്ടുകളില്‍ പരിശോധന നടത്താനുള്ള സംവിധാനം തുടങ്ങിയവയും പെര്‍സെവറന്‍സിലുണ്ട്.