ബാംഗ്ലൂർ മയക്കുമരുന്നുകേസ് ; ആദിത്യ ആൽവേയുടെ ബംഗ്ലാവിൽ റെയ്‌ഡ്‌

ബാംഗ്ലൂർ : കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കുടുങ്ങി കൂടുതല്‍ താരങ്ങള്‍. കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആല്‍വെയുടെ ബംഗ്ളാവില്‍ ബാംഗ്ലൂർ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്നലെ റെയ്ഡ് നടത്തി.

ഹെബ്ബാള്‍ തടാകത്തോട് ചേര്‍ന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്തെ ആദിത്യയുടെ ‘ഹൗസ് ഒഫ് ലൈഫ്’ ബംഗ്ലാവിലാണ് പരിശോധന നടത്തിയത്. ഇവിടെ വച്ച്‌ ആദിത്യ ആല്‍വയും മറ്റു പ്രതികളും ചേര്‍ന്ന് മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായാണ് CCB യുടെ കണ്ടെത്തല്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് സി.സി.ബി അറിയിച്ചു.

Dignath and Aindrita

അതിനിടെ,​ കന്നഡ സിനിമയിലെ താരദമ്പതികളായ ദിഗ്നാഥ് മാഞ്ചലേക്കും ഐന്ദ്രിത റായ്ക്കും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഇന്ന് സി.സി.ബിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കന്നഡ സിനിമയിലെ പ്രശസ്തരായ യുവതാരങ്ങളാണ് ഇരുവരും. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008ലാണ് ഇവര്‍ വിവാഹിതരായത്.

ബംഗളൂരുവില്‍ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ലഹരി മരുന്ന് കടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ചൂതാട്ടകേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായ ബംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സ‍ഞ്ജന ഗല്‍റാണിയും തമ്മില്‍ ശ്രീലങ്ക കേന്ദ്രീകരിച്ച്‌ വ്യാപാര ഇടപാടുണ്ടെന്ന് നിര്‍മാതാവ് പ്രശാന്ത് സമ്ബര്‍ഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കി.