നടൻ നീരജ് മാധവ് താരസംഘടനക്ക് വിശദീകരണം നൽകി

കൊച്ചി : മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന തന്റെ വാദത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് നടന്‍ നീരജ് മാധവ്. ഇതേ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നല്‍കിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നീരജിന്റെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നീരജിന്റെ വാക്കുകള്‍ എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവരുടെ പേരുകള്‍ എടുത്ത് പറയണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്‍കിയ കത്തിലും നീരജ് ആവര്‍ത്തിട്ടുണ്ട്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കുശേഷം ഭാഷാഭേദമന്യേ സിനിമ മേഖലയില്‍ നിന്ന് സ്വജനപക്ഷപാതത്തെ പറ്റി നിരവധിപേര്‍ തുറന്നടിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു നീരജിന്റെയും ഫേസ്ബുക്ക് പോസ്റ്റ്. വളര്‍ന്ന് വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാള സിനിമയിലുണ്ടെന്ന വിമര്‍ശനമാണ് നീരജ് ഉന്നയിച്ചത്.

വളര്‍ന്ന് വരുന്ന ഒരാളെ ഇല്ലാതാക്കുന്ന ഒരു സംഘം തന്നെയുണ്ട്. പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ് ഇവരുടെ മയെിന്‍ പണി. പുകവലിയും മദ്യപാനവും ഒന്നുമല്ലെന്നും, വിധേയത്വം, സഹകരണം, എളിമ ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം എന്നും നീരജ് തുറന്നടിച്ചിരുന്നു.