ഓർത്തഡോക്‌സ് വിഭാഗത്തിന് താക്കീതുമായി പാത്രിയർക്കീസ് ബാവയുടെ കത്ത്

കൊച്ചി /കോട്ടയം: ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ താനാണെന്നും തന്നെ കേരളത്തിലെ ഇന്ത്യൻ ഓർത്തഡോക്‌സ് സഭയെന്ന് അവകാശപ്പെടുന്ന “മെത്രാൻ കക്ഷി അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ഓർത്തഡോക്‌സ് വിഭാഗത്തിന് സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കത്തയച്ചു. മലങ്കര സഭയിലെ സമാധാനശ്രമങ്ങൾ തകർത്തത് ഓർത്തഡോക്‌സ് വിഭാഗമാണെന്നും കത്തിൽ പാത്രിയാർക്കീസ് ബാവാ കുറ്റപ്പെടുത്തുന്നു.

പിറവം പളളി പിടിച്ചെടുത്ത് ഓ‍ർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് അതൃപ്തിയറിയിച്ച് പാത്രയർക്കീസ് ബാവ ദമാസ്കസിൽ നിന്ന് കത്തയിച്ചിരിക്കുന്നത്. ആഗോള സുറിയാനി സഭയുടെ തലവൻ താനാണ്. തന്‍റെ ആതമീയാധികാരത്തെ ഓർത്ത‍ഡോക്സ് വിഭാഗം അംഗീകരിക്കണം. അല്ലെങ്കിൽ സുറിയാനി സഭയെന്ന നിലയിൽ ഓർത്തഡോക്സ് വിഭാഗത്തിന് നിയമപരമായ നിലനിൽപ്പില്ലെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

അന്ത്യോക്യയുമായി ആൽമീയ ബന്ധമില്ലെന്ന നിലപാട് ഓർത്ത‍ഡോക്സ് വിഭാഗം തിരുത്തണം. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനമുണ്ടാകണമെന്നും ചർച്ച വേണമെന്നും താൻ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാൽ ആ നീക്കങ്ങളെ തകർത്തത് ഓർത്ത‍ഡോക്സ് വിഭാഗമാണ്. പാത്രയർക്കീസ് ബാവയെന്ന നിലയിൽ ആൽമീയ തലവനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് ഓർത്ത‍ഡോക്സ് സഭ വ്യക്തമാക്കണമെന്നും പാത്രയർക്കീസ് ബാവ കത്തിലൂടെ ആവശ്യപ്പെടുന്നു.

മലങ്കരസഭയിലെ പളളികൾ സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നെങ്കിലും പുതിയൊരു വാദ മുഖം തുറക്കുകയാണ് യാക്കോബായ സഭ. മലങ്കര സഭയിലെ പളളികൾ 1934 ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ സഭയുടെ ആൽമീയ പ്രതിപുരുഷനായി അന്തോക്യയിലെ പാത്രയർക്കീസ് ബാവയെ അംഗീകരിക്കുന്നുവെന്നാണ് ഈ ഭരണ ഘടനയുടെ ആദ്യഭാഗത്ത് തന്നെ പറയുന്നത്. പാത്രയർക്കീസ് ബാവയെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കുന്നില്ലെങ്കിൽ ഈ ഭരണഘടനയ്ക്കുതന്നെ നിലനിൽപ്പില്ലെന്ന വാദമുഖം ഇനി യാക്കോബായ വിഭാഗത്തിന് കോടതിയിലും ഉയർത്താനാകും, ഇന്ത്യൻ ഓർത്തഡോക്‌സ് സഭ പാത്രിയർക്കീസ് ബാവയെ അംഗീകരിക്കുന്നില്ലെങ്കിൽ 1934 ലെ ഭരണഘടനപ്രകാരം അവരുടെ നിലനിൽപിനെത്തന്നെ നിയമപരമായി ചോദ്യം ചെയ്യാൻ യാക്കോബായ വിഭാഗത്തിനാകും.

പിറവം പള്ളിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പട്ട് ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിൽ വൻ സം​ഘർഷമാണുണ്ടായത്. പള്ളിയിൽ കയറി പ്രാർത്ഥന നടത്താൻ അനുവദിക്കില്ലെന്ന യാക്കോബായ സഭയുടെ മുന്നറിയിപ്പിനെ സുപ്രീംകോടതി വിധി നേടി ഓർത്തഡോക്സ് വിഭാ​ഗം തള്ളി. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെ ഓർത്തഡോക്സ് വിഭാ​ഗക്കാർ പള്ളിയിൽ കയറി പ്രാർത്ഥന നടത്തുകയും 1934ലെ ഭരണഘടനാപ്രകാരമുള്ള കോടതിവിധി പ്രകാരം ജില്ലാ കളക്ടർ പിറവം പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനൽകുകയുമായിരുന്നു.

എന്നാൽ ആഗോള സുറിയാനി സഭയുടെ പാത്രിയർക്കീസിനെ അംഗീകരിക്കാത്ത സഭയാണ് ഇന്ത്യൻ ഓർത്തഡോക്‌സ് സഭയെങ്കിൽ 1934 ലെ സഭാ ഭരണഘടന നൽകുന്ന സാധുതതന്നെ ഓർത്തഡോക്‌സ് വിഭാഗത്തിന് നഷ്ടമാകുമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു .അത് പ്രകാരമാണ് ദമാസ്കസിൽ നിന്നും കോട്ടയത്തെ കാതോലിക്കോസിന് ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭാ തലവന്റെ കത്ത്. .