കോവിഡ് ബാധിച്ച കളിക്കാരില്ല, പാക്ക് ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക്

കറാച്ചി :കോവിഡ്-19 ബാധിച്ച പത്ത് കളിക്കാരില്ലാതെ ക്രിക്കറ്റ് പരമ്പരയ്ക്കായി പാക് ടീം ഞായറാഴ്ച്ച ഇംഗ്ലണ്ടിലേക്ക് വിമാനം കയറും. 18 അംഗ ടീമും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് യാത്ര തിരിക്കുക. അതേസമയം രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവായ ആറു താരങ്ങള്‍ പിന്നീട് ടീമിനൊപ്പം ചേരും. വീണ്ടും പരിശോധനയ്ക്ക് വിധേയമായ ശേഷമായിരിക്കും ഇവര്‍ ഇംഗ്ലണ്ടിലേക്ക് പോകുകയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഫഖര്‍ സമാന്‍, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരാണ് രണ്ടാം കോവിഡ് പരിശോധനയില്‍ നെഗറ്റീവായത്. അതേസമയം ഹൈദര്‍ അലി, ഹാരിസ് റൗഫ്, കാഷിഫ് ബട്ടി, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ ഫലം പോസിറ്റീവായി തുടരുകയാണ്. സപ്പോര്‍ട്ട് സ്റ്റാഫിലെ മലാംഗ് അലിയുടെ പരിശോധനാഫലവും പോസിറ്റീവാണ്