ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി വിടുമെന്ന് യുഡിഎഫിലാരും ചിന്തിച്ചിട്ടില്ല : പിജെ ജോസഫ്

കാസര്‍കോട്: ഉമ്മന്‍ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി സീറ്റില്‍ നിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫില്‍ ഒരാള്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടണമെന്ന തരത്തില്‍ ആവശ്യമുയര്‍ന്നുവെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്നെ നേതാക്കള്‍ മത്സരിക്കുന്നതാണ് നല്ലതെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ നേതാക്കള്‍ ജോസഫ് വിഭാഗത്തിലേക്ക് വന്നത് സീറ്റ് തീരുമാനത്തില്‍ പ്രതിസന്ധിയാകില്ല. നിലവില്‍ ജോസഫ് ഗ്രൂപ്പിലുള്ളവരെല്ലാം ഏകസഹോദരങ്ങളെ പോലെയാണ്. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു.

പുതുപ്പള്ളിയില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന നിര്‍ദേശം കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വച്ചതായുള്ള വിവരം പുറത്തു വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വിവാദമായത്. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സീറ്റുകളാണ് ഉമ്മന്‍ ചാണ്ടിക്കായി മുല്ലപ്പള്ളി ശുപാര്‍ശ ചെയ്തത്.