സുശാന്തിന്റെ മരണം, മുൻ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് നടിയും മുന്‍ കാമുകിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ പൊലീസ് കേസെടുത്തു. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ കേസെടുത്തത്. സുശാന്തിനെ റിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും സാമ്ബത്തികമായി വഞ്ചിച്ചെന്നും മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.

പട്‍ന പൊലീസിന്‍റെ പ്രത്യേകസംഘം മുംബയിലെത്തിയിട്ടുണ്ട്. സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ റിയയുള്‍പ്പടെ ആറ് പേര്‍ക്കുമെതിരെയാണ് കേസ്. റിയയുടെ അച്ഛന്‍, അമ്മ, സഹോദരന്‍ സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് . സുശാന്തും റിയയും തമ്മില്‍ വന്‍സാമ്പത്തിക ഇടപാടുകള്‍ നടന്നതായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്‍റെ പരാതിയില്‍ പറയുന്നു