യുപി ബിജെപി എംഎൽഎയും മരുമകനും പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

ബദോഹി : ഉത്തര്‍പ്രദേശിലെ ബദോഹിയില്‍വെച്ച്‌ ബി.ജെ.പി എം‌.എല്‍‌.എ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി.

2014 ല്‍ രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകനെ കണ്ടുമുട്ടിയെന്നും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ വര്‍ഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ രാം ബദാന്‍ സിങ് പറഞ്ഞു.

2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എം‌.എല്‍‌.എയുടെ മരുമകന്‍ തന്നെ ഒരു മാസത്തോളം ബദോഹിയിലെ ഹോട്ടലില്‍ താമസിപ്പിച്ചുവെന്നും ഈ സമയത്താണ് എം‌.എല്‍‌.എയും കുടുംബത്തിലെ ചിലരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു.

കേസ് അഡീഷണല്‍ പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചത്.