സംസ്ഥാന ബിജെപിയിൽ രാജി തുടരുന്നു

തിരുവനന്തപുരം : ഭാരവാഹി നിർണയത്തെ ചൊല്ലി ബിജെപിയിൽ രാജി തുടരുന്നു. യുവമോർച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാറാണ് ഇന്നു രാജിവെച്ചത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിർണയത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ കിട്ടിയ നേതാവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.

ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മണ്ഡലങ്ങളിലെ ഭാരാവാഹി നിർണയമെന്ന് മഹേഷ് കുമാർ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുന്നു. 200 ഓളം പേർ പാർട്ടിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്നും മഹേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പിൽ വലിയശാല പ്രവീൺ ഒന്നാമതെത്തി.

എന്നാൽ ഇയാളെ മാറ്റിനിർത്തി മൂന്നാം സ്ഥാനത്ത് എത്തിയ കൗൺസിലർ കൂടിയായ എസ് കെ പി രമേശിനെയാണ് പ്രസിഡന്റാക്കിയത്. ഇതോടെ മണ്ഡലത്തിലെ പി കെ കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.