ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ യഥാര്‍ഥ അനുഭാവികളും പ്രവര്‍ത്തകരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും താമസിയാതെ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും കാണാനിരിക്കയാണെന്നും വി.കെ. ശശികല. ജയലളിതയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച ചെന്നൈ ത്യാഗരായര്‍ നഗറിലെ വസതിയില്‍ ജയലളിതയുടെ അലങ്കരിച്ച പടത്തിന് പുഷ്പാഞ്ജലി നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
പ്രവര്‍ത്തകരോടൊപ്പം എന്നും താനുണ്ടാവും. ഡി.എം.കെയെ പരാജയപ്പെടുത്തി ഭരണം തുടരുകയെന്ന ജയലളിതയുടെ ആഗ്രഹം സഫലമാക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
സമത്വ മക്കള്‍ കക്ഷി പ്രസിഡന്റും നടനുമായ ശരത്കുമാര്, ഭാര്യയും നടിയുമായ രാധിക, നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍, സംവിധായകന് ഭാരതിരാജ തുടങ്ങിയ പ്രമുഖര്‍ ശശികലയെ സന്ദര്‍ശിച്ചു. ജയില്‍വാസത്തിനുശേഷം ഈമാസം ഒന്‍പതിന് ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു.
ജയലളിതയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ശശികല പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് തമിഴ്നാട്ടിൽ വിവാദമായി.അണ്ണാ ഡി.എം.കെയുടെ പതാക അച്ചടിച്ച ലെറ്റര്ഹെഡ്ഡിലാണ് പ്രസ്താവന അച്ചടിച്ചത്. ശശികലയുടെ നീക്കം അണ്ണാ ഡി.എം.കെക്ക് തലവേദനയായി. ശശികല തെന്റ വാഹനത്തില്‍ അണ്ണാ ഡി.എം.കെയുടെ കൊടി ഉപയോഗിച്ചതിനെതിരെ മന്ത്രിമാര്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.