ശിഖർ ധവന്റെ സെഞ്ചുറിയുടെ ബലത്തിൽ DC ചെന്നൈയെ 5 വിക്കറ്റിന് തോൽപ്പിച്ചു

ഷാര്‍ജ: IPL ല്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 5 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 4വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഡല്‍ഹി ഒരു പന്ത് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (185/5). ജയത്തോടെ 9 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഡല്‍ഹി പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാമതെത്തി.

നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസിസാണ് (47 പന്തില്‍ 58) ചെന്നൈയുടെ ടോപ്സ്കോര്‍. അമ്ബാട്ടി റായ്ഡു 4 സിക്സും 1 ഫോറും അടക്കം 25 പന്തില്‍ പുറത്താകാതെ നേടിയ 45 റണ്‍സും രവീന്ദ്ര ജഡേജ 13 പന്തില്‍ 4 സിക്സടക്കം നേടിയ 33 റണ്‍സും ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചു. ഷേന്‍ വാട്സണ്‍ 36 റണ്‍സെടുത്തു.

58 പന്ത് നേരിട്ട് 14 ഫോറും 1 സിക്സും ഉള്‍പ്പെടെ 101 റണ്‍സുമായി പുറത്താകാതെ നിന്ന ശിഖര്‍ ധവനാണ് ഡല്‍ഹിയുടെ വിജയശില്പി. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ പൊരുതിയ ധവനും അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ അക്സര്‍ പട്ടേലുമാണ് കൈവിട്ടെന്ന് കരുതിയ കളി ഡല്‍ഹിയുടെ അക്കൗണ്ടിലെത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് 17 റണ്‍സാണ് വേണ്ടിയിരുന്നത്. ജഡേജ എറിഞ്ഞ ആ ഓവറിലെ രണ്ടും മൂന്നും ആറും പന്തുകളില്‍ സിക്സടിച്ച്‌ അക്സര്‍ ചെന്നൈയില്‍ നിന്ന് വിജയം അടിച്ചെടുക്കുകയായരുന്നു. അക്സര്‍ 5 പന്തില്‍ 3 സിക്സ് ഉള്‍പ്പെടെ 21 റണ്‍സ് നേടി.

കഴിഞ്ഞ മത്സരത്തിലെപ്പോലെ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ (0) തുടക്കത്തില്‍ തന്നെ ഡല്‍ഹിക്ക് നഷ്ടമായി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പൃഥ്വി ഷായെ ദീപക് ചഹര്‍ സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. പകരമെത്തിയ രഹാനെയും വീണ്ടും പരാജയമായി. 10 പന്തില്‍ 8 റണ്‍സെടുത്ത രഹാനെയെ ചഹര്‍ സാം കറന്റെ കൈയില്‍ എത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ ശ്രേയസ് അയ്യര്‍ ധവനൊപ്പം പിടിച്ചു നിന്നതോടെ ഡല്‍ഹി ഇന്നിംഗ്സിന് ജീവന്‍ വയ്ക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേസയ് (23) മടങ്ങിയ ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് 14 പന്തില്‍ 1 ഫോറും 2 സിക്സും ഉള്‍പ്പെടെ 24 റണ്‍സ് നേടി സ്കോറിംഗ് വേഗത്തിലാക്കി. ഷര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ അമ്പാട്ടി റായ്‌ഡുവിന് ക്യാച്ച്‌ നല്‍കി സ്റ്രോയിനിസ് മടങ്ങിയെങ്കിലും മറുവശത്ത് ധവന്‍ പോരാട്ടം തുര്‍ന്നു. അവസാനം കൂട്ടായി അക്‌സറെത്തിയതോടെ വിന്നിംഗ് കോമ്പിനേഷൻ രൂപപ്പെടുകയായിരുന്നു.

ദീപക് ചഹര്‍ ചെന്നൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.