മുൻ‌കൂർ ജാമ്യം ലഭിക്കും വരെ രോഗ നാടകവുമായി ശിവശങ്കർ

കൊച്ചി : മുൻ‌കൂർ ജാമ്യം ലഭിക്കും വരെ രോഗനാടകവുമായി എം ശിവശങ്കർ..എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിക്കഴിഞ്ഞു . കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത്, ‍ഡോള‍ര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.

തലസ്ഥാനത്തുളള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഓര്‍ത്തോ ഐസിയുവില്‍ക്കഴിയുന്ന ശിവശങ്കറിന്‍റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ നിയമപരമായി കസ്റ്റംസിന് കഴിയൂ. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂ‍ര്‍ ജാമ്യം നല്‍കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി, എം ശിവശങ്കറിന്‍റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക.

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോ‍ര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. നിലവില്‍ ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടര്‍നടപടികളും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.