വൃദ്ധനെ കാറിടിച്ചുകൊന്ന മരുമകൻ അറസ്റ്റിൽ

കിളിമാനൂര്‍: തട്ടത്തുമല പാറക്കടവില്‍ വൃദ്ധന്‍ കാറിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധന്റെ മരുമകനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്‌തു. മടത്തറ തുമ്പമണ്‍ തൊടി എ.എന്‍.എസ് മന്‍സിലില്‍ യഹിയ (75) മരിച്ച സംഭവത്തില്‍ അബ്ദുള്‍ സലാമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുള്‍ സലാമിന്റെ മകന്‍ അഫ്സലിന് (14) ഗുരുതരമായി പരിക്കേറ്റു. അഫ്സല്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ ഐ.എസ്.എച്ച്‌.ഒ സനൂജ്, എസ്.ഐമാരായ ടി.ജെ. ജയേഷ്, അബ്ദുള്‍ ഖാദര്‍, ഷാജി, റാഫി, സുരേഷ്, എ.എസ്.ഐ ഷജിം, സി.പി.ഒ സജിത്ത്, മണിലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.

അബ്ദുള്‍ സലാമും യഹിയയും തമ്മിലുള്ള സ്വത്തുതര്‍ക്കത്തെക്കുറിച്ച്‌ കൊട്ടാരക്കര കുടുംബകോടതിയില്‍ കേസ് നിലവിലുണ്ട്. വിധി അനുകൂലമാക്കാന്‍ അബ്ദുള്‍ സലാം തന്റെ പേരിലുള്ള വസ്‌തുക്കള്‍ സഹോദരങ്ങളുടെയും സുഹൃത്തിന്റെയും പേരില്‍ മാറ്റിയിരുന്നു. ഇതിനെതിരെ ഭാര്യ ചൊവ്വാഴ്ച കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുള്‍ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി യഹിയയും അഫ്സലും കോടതി ജീവനക്കാരനും തട്ടത്തുമല പാറക്കട ജംഗ്ഷനില്‍ നില്‍ക്കുമ്പോള്‍ പിന്തുടര്‍ന്നെത്തിയ അബ്ദുള്‍ സലാം വാഹനം വേഗത കൂട്ടി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള വൈരാഗ്യവും സ്വത്ത് തര്‍ക്കവും കണക്കിലെടുത്ത് പ്രതിയെ വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്‌തു