അമീർഖാന്റെ സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ്

മുംബൈ : ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താനുള്‍പ്പടെ മറ്റ് ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും നടന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ അമ്മയ്ക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണെന്നും, അവര്‍ക്കായി ആരാധകര്‍ പ്രാര്‍ത്ഥിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ അവരെ ക്വറന്‍റീന്‍ ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇടപെട്ട മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അവരെ മെഡിക്കല്‍ സെന്‍ററുകളിലേക്ക് മാറ്റിയെന്നും താരം കുറിച്ചു.

നടന്റെ കുറിപ്പിന്റെ പൂര്‍ണരൂപം……………………

നമസ്കാരം, എന്‍റെ ജീവനക്കാരില്‍ കുറച്ച്‌ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വളരെ പെട്ടെന്ന് തന്നെ ക്വറന്‍റീന്‍ ചെയ്യുകയും ബിഎംസി അധികൃതര്‍ ദ്രുതനടപടികള്‍ സ്വീകരിച്ച്‌ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവരുടെ കാര്യങ്ങള്‍ക്ക് മതിയായ ശ്രദ്ധ കൊടുത്തതിനും, ഈ സൊസൈറ്റി അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിനും
ബിഎംസി ജീവനക്കാരോട് ഞാന്‍ നന്ദി അറിയിക്കുകയാണ്.

ഇവിടെ ബാക്കിയുള്ളവരുടെയെല്ലാം പരിശോധനഫലം നെഗറ്റീവാണ്. ഇപ്പോള്‍ എന്‍റെ അമ്മയെ പരിശോധനയ്ക്കായി കൊണ്ടു പോവുകയാണ്.. കൂട്ടത്തില്‍ അമ്മയുടെ പരിശോധനമാത്രമാണ് ഇനി ബാക്കിയുള്ളത്.. അതും നെഗറ്റീവ് ആകാന്‍ എല്ലാവരും പ്രാര്‍ഥിക്കണം..ഞങ്ങളെ സഹായിക്കാന്‍ സമയോചിതമായി ഇടപ്പെട്ട ബിഎംസി അധികൃതരോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുകയാണ്.. പിന്നെ പരിശോധന നടപടികളില്‍ അവര്‍ കാണിച്ച കരുതലിനും ശ്രദ്ധയ്ക്കും കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും നന്ദി.