ഡൽഹിയിലെ കലാപം ആസൂത്രിതം : സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു.

ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം സര്‍ക്കാരിന്‌ കിട്ടി. എത്ര പോലീസുകാരെയാണ് വിന്യസിച്ചത്. കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നു.കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ നിഷ്‌ക്രിയത്വം 20 ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. പരിക്കേറ്റ നൂറിലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമം തുടരുകയാണ്. സംഘര്‍ഷം തടയാന്‍ രാഷ്ട്രപതി ഇടപെടണം. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്‌-സോണിയ തുടർന്നു.