കേരളത്തിൽ ആദ്യത്തെ തെരുവ് സ്വീപ്പര്‍ ട്രക്ക് തൃശൂര്‍ കോര്‍പറേഷനു സ്വന്തം

തൃശൂര്‍: കേരളത്തില്‍ ആദ്യമായി സ്വീപ്പര്‍ ട്രക്ക് തൃശൂര്‍ കോര്‍പറേഷന്‍ സ്വന്തമാക്കി.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയായ ഹിമാചല്‍പ്രദേശിലെ റോഹ്ത്താങ് അടല്‍ ടണല്‍ ശുചീകരിക്കുന്ന അതേ സംവിധാനമാണ് ഇതെന്നും ജില്ലാ ആസൂത്രണ സമിതിയംഗം വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.


ട്രക്കില്‍ ഘടിപ്പിച്ച ഓട്ടമാറ്റിക് ബ്രഷ് സംവിധാനം പൊടിയും മാലിന്യങ്ങളും വലിച്ചെടുക്കും. ഇരുവശത്തും മധ്യത്തിലുമായാണ് ബ്രഷുകള്‍. ഏതു ദിശയിലേക്കും ഇവ തിരിക്കാനാകും. 6 ടണ്‍ വരെ മാലിന്യ സംഭരിക്കാനും മണിക്കൂറില്‍ 4 മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശം വൃത്തിയാക്കാനും ശേഷിയുണ്ട്. കാന ശുചീകരണം ഒഴികെയുള്ള മറ്റു പ്രവൃത്തികള്‍ യന്ത്രം ചെയ്യും.

ബജറ്റില്‍ ആധുനിക സംവിധാനം നഗര ശുചീകരണത്തിനു വേണ്ടി പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു . പ്ലാന്‍ ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് കോയമ്പത്തൂരിലെ റൂട്ട്സ് മള്‍ട്ടി ക്ലീന്‍ കമ്പനിയുടെ സ്വീപ്പര്‍ ട്രക്ക് സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് ആണ് ട്രക്കില്‍ യന്ത്രഭാഗങ്ങള്‍ ഘടിപ്പിച്ചത്.

ഇന്ന് രാവിലെ സ്വരാജ് റൗണ്ടിലും വടക്കേ ബസ് ഹബ്ബിലും ട്രയല്‍ റണ്‍ നടത്തി . തിരഞ്ഞെടുക്കുന്ന 5 ജീവനക്കാര്‍ക്കു ഒരു മാസം കമ്പനി നേരിട്ട് പ്രത്യേക ശുചീകരണ പരിശീലനം നല്‍കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രി മാത്രം യന്ത്രം പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം