2024 അവസാനം വരെ കാർഷികനിയമങ്ങൾ മരവിപ്പിക്കൂ: മോദിയോട് ടിക്കായത്ത്

ന്യൂഡൽഹി : കേന്ദ്രവുമായി ചര്‍ച്ചക്ക് ഉപാധികള്‍ മുന്നോട്ടുവച്ച്‌ കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം, സമര കേന്ദ്രത്തിലെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചക്കുള്ളൂവെന്ന് സംഘടനകള്‍ വ്യക്തമാക്കി. അതിനിടെ, 2024 വരെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.

നേരത്തെ, കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയിലാണ് സമിതി രൂപവത്കരിക്കുക. താങ്ങുവില ഉള്‍പ്പെടെ കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിശോധിക്കും. അന്നാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങളും പരിശോധിക്കുന്ന സമിതി ആറ് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും