294 ൽ 213 സീറ്റ് നേടി മമതയുടെ മൂന്നാമൂഴം

കൊൽക്കൊത്ത : പശ്ചിമബംഗാളില്‍ വന്‍ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണയും അധികാരത്തിലേക്ക് കുതിക്കുന്നു .294 ൽ 213 സീറ്റ് നേടി മമതയുടെ മൂന്നാമൂഴം
പാര്‍ട്ടി നായികയായ മമതാ ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ പഴയ സഹപ്രവര്‍ത്തകന്‍ സുവേന്ദു അധികാരിയോട് (ബി.ജെ.പി) തോറ്റു. എന്നാൽ മമത വീണ്ടും വോട്ടെണ്ണലിനായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചുവെന്നാണ് സൂചന.സുവേന്ദുവിന്റെ ഉറച്ച കോട്ടയായ നന്ദിഗ്രാമിൽ മാത്രമാണ് മമത മത്സരിച്ചത്.

292 സീറ്റുകളില്‍, ഇന്നലെ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ തൃണമൂല്‍ 213 സീറ്റില്‍ മുന്നിലാണ്.209 സീറ്റിൽ ജയിച്ചുകഴിഞ്ഞു . ബംഗാളില്‍ ഭരണം പിടിക്കാനുറച്ച്‌ പൊരുതിയ ബി.ജെ.പിക്ക് കേവലം 77 സീറ്റുകളാണ് ജയിക്കാനായത്. കേരളത്തില്‍ നേര്‍ക്കുനേര്‍ പോരാടിയ സി.പി.എമ്മും കോണ്‍ഗ്രസും സംഖ്യമായി നിന്നിട്ടും സിറ്റിംഗ് സീറ്റുകള്‍ പോലും കിട്ടിയില്ല.

2016 ല്‍ 211സീറ്റ് നേടിയ തൃണമൂല്‍, ഭരണവിരുദ്ധ തരംഗം പാടെ തള്ളിയാണ് ആധികാരിക ജയം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ തുടര്‍ റാലികളും മറ്റും നടത്തിയെങ്കിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. കേന്ദ്രമന്ത്രിയും എം.പിമാരും അടക്കം പ്രമുഖര്‍ തോറ്റു. എന്നാല്‍ 2016ല്‍ മൂന്നു സീറ്റില്‍ മാത്രമൊതുങ്ങിയ പാര്‍ട്ടി ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാകും.