ആലുവയിൽ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേര്‍ അറസ്റ്റിൽ

ആലുവ : തടിക്കക്കടവ് പാലത്തില്‍ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. ആലങ്ങാട് മാളികംപീടിക കൃഷ്ണ ഭവനില്‍ ഹരി , കരുമാല്ലൂര്‍ തണ്ടിരിക്കല്‍ പീടികപറമ്പില്‍ ഇസ്മായില്‍ എന്നിവരാണിവര്‍. ഒരു കിലോ കഞ്ചാവും പ്രതികളെത്തിയ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ചെങ്ങമനാട് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പാലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന സജീവമാണെന്ന് നാട്ടുകാരുടെ നിരന്തരം പരാതി ഉണ്ടായിരുന്നു. പല തവണ പൊലിസും എക്‌സൈസും പരിശോധനയ്‌ക്കെത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്നലെ വൈകീട്ട് കൊറോണ ബാധയെ തുടര്‍ന്നുള്ള ജാഗ്രതയുടെ ഭാഗമായി പൊലീസ് റോന്ത് ചുറ്റുന്നതിനിടയിലാണ് പാലത്തിന്റെ തെക്ക് അടുവാശ്ശേരി ഭാഗത്ത് സംശയാസ്പദമായ നിലയില്‍ രണ്ട് പേരെ കണ്ടത്. ആദ്യം പെരിയാറില്‍ മീന്‍ പിടിക്കാന്‍ വന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇരുവരും പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. തുടര്‍ന്ന് ഇവരുടെ വാഹനങ്ങള്‍ പരിശോധിച്ചപ്പോളാണ് ഇതില്‍ നിന്നും 950 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.