കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയതെന്നാണ് വിവരം. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി.

തിരുവനന്തപുരത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കൊവിഡ് ബാധിതരായ 5401 പേരില്‍ 3497 പേരും സമ്പര്‍ക്ക രോഗികളാണ്. 260 പേരുടെ ഉറവിടം വ്യക്തമല്ലെന്നത് പൂന്തുറയ്ക്കും പുല്ലുവിളയ്ക്കും പുറമേ സംസ്ഥാനത്തെ മറ്റ് ചില പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. തിരുവനന്തപുരത്തിനു പുറമേ കൊല്ലം,കോട്ടയം ,ആലപ്പുഴ എറണാകുളം, കോഴിക്കോട് ജില്ലകളിലും രോഗബാധ കുതിക്കുകയാണ്.