നേഷന്‍സ്‌ ലീഗില്‍ ഉക്രൈന്‍ 1-0 നു സ്പെയിനിനെ തകർത്തു

ക്യിവ് , ഉക്രൈന്‍: UEFA നേഷന്‍സ്‌ ലീഗില്‍ ലൂയിസ് എന്‍റിക്കയുടെ സ്പാനിഷ് പടയെ അട്ടിമറിച്ചു ചരിത്രം എഴുതി ആന്ദ്ര ഷെവ്ഷെങ്കോയുടെ ഉക്രൈന്‍. എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയിനിനെ തോല്‍പ്പിച്ച ഉക്രൈന്‍ ഇത് ചരിത്രത്തില്‍ ആദ്യമായാണ് സ്‌പെയിനിനെ തോല്പിക്കുന്നത്. മത്സരത്തില്‍ 72 ശതമാനം സമയവും പന്ത് കൈവശം വച്ച 21 ഷോട്ടുകള്‍ ഉതിര്‍ത്ത സ്‌പെയിനിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച്‌ കൊണ്ടാണ് ഉക്രൈന്‍ തങ്ങളുടെ ആരാധകരുടെ മുന്നില്‍ ചരിത്ര ജയം സ്വന്തമാക്കിയത്. ഗോള്‍ കീപ്പര്‍ ഹിരോഷി ബുഷ്ച്ചനും പ്രതിരോധനിരക്കാരും സ്പാനിഷ് മുന്നേറ്റത്തിനു മുന്നില്‍ മതിലായി നിന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരന്‍ ആയി വന്ന വിക്ടര്‍ സഞ്ചകോവ് ആണ് ഉക്രൈനു ജയം സമ്മാനിച്ചത്.

മത്സരത്തിന്റെ 75 മത്തെ മിനിറ്റില്‍ ഉക്രൈന്‍ ഗോള്‍ കീപ്പര്‍ ഉയര്‍ത്തി അടിച്ച പന്ത് ഹെഡ് ചെയ്ത ഇടത് ബാക്കില്‍ നിന്നു പന്ത് സ്വീകരിച്ച വെസ്റ്റ് ഹാം താരം ആന്ദ്ര യമലങ്കോയുടെ അതുഗ്രന്‍ പാസ് ആണ് ഉക്രൈനു ഗോള്‍ അവസരം തുറന്നത്. മുന്നിലേക്ക് കേറി നിന്ന സ്പാനിഷ് കീപ്പര്‍ ഡി ഹെയുടെ പിഴവ് സഞ്ചകോവ് മുതലെടുക്കുക ആയിരുന്നു. മത്സരത്തില്‍ ഉക്രൈന്റെ ഏക ഗോള്‍ ശ്രമവും ഇത് ആയിരുന്നു. സ്‌പെയിനിന് എതിരായ ജയത്തോടെ പൂള്‍ എയില്‍ ഗ്രൂപ്പ് ഡിയില്‍ സ്പെയിനിന് ഒരു പോയിന്റ് മാത്രം പിറകില്‍ ജര്‍മ്മനിക്ക് ഒപ്പമാണ് ഉക്രൈന്റെ സ്ഥാനം. നിലവില്‍ ഗോള്‍ വ്യത്യാസത്തില്‍ മുന്നിലുള്ള ജര്‍മ്മനി ആണ് ഗ്രൂപ്പില്‍ രണ്ടാമത്.ഇതിഹാസതാരം ഷെവ്ഷെങ്കോ പരിശീലകന്‍ ആയ ശേഷം യുവതാരങ്ങള്‍ അനവധിയുള്ള ഉക്രൈന്‍ മികച്ച പ്രകടനങ്ങള്‍ ആണ് പുറത്ത് എടുക്കുന്നത്.