അമ്പതാമത് ഗോവ ചലച്ചിത്രമേളയിൽ ഉയരെ,കോളാമ്പി ,ജല്ലിക്കെട്ട് എന്നീ ചിത്രങ്ങൾ

പനജി: അന്‍പതാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് മലയാള സിനിമകള്‍. ടി.കെ.രാജിവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി, മനു അശോകന്‍ ഒരുക്കിയ ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്നിവയാണ് മേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഫീച്ചര്‍ വിഭാഗത്തില്‍ 26 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 15 ചിത്രങ്ങളുമാണ് പനോരമയില്‍ ഉള്‍പ്പെട്ടത്. ഗുജറാത്തി ചിത്രമായ ഹല്ലാരോയാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള.

എഴുപത്തിയാറ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറ് ചിത്രങ്ങള്‍ മേളയില്‍ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ അമിതാഭ് ബച്ചനെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഉറി: ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഗലി ബോയ്, എഫ് 2, സൂപ്പര്‍ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍. മേളയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി വിവിധ ഭാഷകളില്‍ നിന്നുള്ള 50 വര്‍ഷം പിന്നിട്ട മികച്ച 12 ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടാകും.