ഇളവുകളില്ലാതെ അണ്‍ലോക്ക് രണ്ടാം ഘട്ടം ജൂലൈ 31 വരെ കേന്ദ്രം പ്രഖ്യാപിച്ചു

ന്യൂഡൽഹി : കാര്യമായ ഇളവുകളില്ലാതെ അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കേണ്ട എന്നാണ് തീരുമാനം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു.

രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലൈയില്‍ പുനരാരംഭിക്കില്ല. മെട്രോ സര്‍വീസുകളും ഉണ്ടാകില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയും തുറക്കില്ല. ബാറുകള്‍ തുറക്കില്ല. ബാറുകളിലിരുന്ന് മദ്യപിക്കാനും അനുവദിക്കില്ല.

മതപരമായ ചടങ്ങുകള്‍ക്കുള്ള നിരോധനവും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോറെയില്‍, സിനിമാശാല, ജിംനേഷ്യം, ബാര്‍, നീന്തല്‍ക്കുളം എന്നിവ അടഞ്ഞുകിടക്കും.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രകളിലും തുടര്‍ന്നും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം (ആറടി) പാലിക്കുന്നതും തുടരണം. വിവാഹങ്ങള്‍ക്ക് പരമാവധി 50 പേരെയും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയും മാത്രമെ അനുവദിക്കൂ. പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയമാനുസൃതമായ പിഴ ചുമത്താം. മദ്യം, പുകയില, പാന്‍, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളില്‍ നിരോധിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് പരമാവധി വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. തെര്‍മല്‍ സ്‌കാനിങ്, കൈകഴുകല്‍ എന്നിവയ്ക്കുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപനങ്ങള്‍ കരുതണം. ജീവനക്കാരുടെ ജോലി സ്ഥലവും പൊതുവായി ഇടപഴകുന്ന സ്ഥലങ്ങളും ഡോര്‍ ഹാന്‍ഡില്‍ അടക്കമുള്ളവയും ഓരോ ഷിഫ്റ്റുകളുടെയും ഇടവേളകളില്‍ അണുവിമുക്തമാക്കണം. ജീവനക്കാര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സർക്കുലർ പൂര്ണരൂപം ചുവടെ