സ്റ്റാലിനുവേണ്ടി ശപഥം; നാക്കുമുറിച്ച യുവതി ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷം നേടിയാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് ഡിഎംകെ അധികാരത്തിലെത്തുന്നത്. അതും മികച്ച ഭൂരിപക്ഷത്തോടെ. പ്രചാരണ വേളയില്‍ ഒട്ടേറെ പരാതികള്‍ സ്റ്റാലിന്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, അതിനേക്കാള്‍ വാഗ്ദാനങ്ങളും നല്‍കിയിരുന്നു. അധികാരലത്തിലേറി 100 ദിവസത്തിനിടെ നടപ്പാക്കുന്ന പദ്ധതികള്‍ വരെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ വളരെ പ്രാപ്തിയുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുമെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് രാമനാഥപുരത്ത് നിന്ന് പുതിയ വാർത്ത പുറത്തുവരുന്നത് . സ്റ്റാലിന് വേണ്ടി ശപഥം ചെയ്ത യുവതി നാവ് മുറിച്ചിരിക്കുന്നു. സ്റ്റാലിന്‍ അധികാരത്തിലെത്തിയാല്‍ നാവ് ബലി നല്‍കാമെന്നായിരുന്നുവത്രെ ശപഥം. പമരക്കുടിയിലെ കാര്‍ത്തികിന്റെ ഭാര്യ 32കാരിയായ വനിതയാണ് കടുത്ത ശപഥം ചെയ്തത്. ഡിഎംകെ അനുഭാവികളാണ് കുടുംബം. ഡിഎംകെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടി എന്നറിഞ്ഞതിന് പിന്നാലെ ആയിരുന്നു യുവതി നേര്‍ച്ച നിറവേറ്റിയത്.

ശ്രീ മുതലമ്മ ക്ഷേത്രത്തിന് മുമ്പില്‍ ബോധരഹിതയായി വനിതയെ കണ്ടെത്തുകയായിരുന്നു. നാവ് മുറിച്ചത് കാരണം രക്തം വാര്‍ന്നാണ് ബോധം നഷ്ടമായത്. മുറിച്ച നാവിന്റെ കഷ്ണം കണ്ടെത്തുകയും ചെയ്തു. പരമക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് വനിത. ഡിഎംകെ നേതാക്കള്‍ ഇവരുടെ ബന്ധുക്കളുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വനിതയുടെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍ എന്‍ആര്‍ നാഗനാഥന്‍ പറഞ്ഞു.