വിവേക് ഒബ്രോയിയുടെ വസതിയില്‍ പൊലീസ് പരിശോധന

മുംബൈ : നടന്‍ വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ ബംഗളൂരു പൊലീസ് പരിശോധന നടത്തി. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. ആദിത്യ ആല്‍വ വിവേക് ഒബ്‌റോയുടെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

‘ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, ആല്‍വ ഇവരുടെ വീട്ടില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് ‘ ക്രൈംബ്രാഞ്ച് സംഘത്തിലെ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ബംഗളൂരുവിലെ ആദിത്യ അല്‍വയുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു.

കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാല്‍റാനി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു